പെട്രോൾ വില വർധന: നാളെ രാവിലെ 15 മിനിറ്റ്​​ വണ്ടികൾ റോഡിൽ നിർത്തി ചക്രസ്​തംഭന സമരം


തിരുവനന്തപുരം: കോവിഡ്​ കാലത്തും പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാറി​ന്റെ നിലപാടിൽ പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ്​ യൂനിയനുകളുടെ നേതൃത്വത്തിൽ​ തിങ്കളാഴ്​ച ചക്രസ്​തംഭന സമരം നടക്കും. രാവിലെ 11 നാണ്​ സമരം ആരംഭിക്കുക. ആ സമയത്ത്​ വാഹനം എവിടെ എത്തുന്നുവോ അവിടെ റോഡിൽ 15 മിനിറ്റ് നിശ്ചലമാക്കി നിർത്തുന്നതാണ്​ സമരമുറ.

ഒരാ​​ഴ്​ചക്കിടെ നാലാം തവണയും ഇന്ധന വില വർധിച്ചതോടെ സംസ്ഥാനത്ത്​ സാധാരണ പെട്രോൾ വിലയും സെഞ്ച്വറിയിലേക്ക് അടുക്കുകയാണ്​​. തിരുവനന്തപുരത്ത്​ ഞായറാഴ്​ച പെട്രോൾ വില 99.20 രൂപയായി. ഡീസൽ ലിറ്ററിന്​ 94.47 രൂപ. പെട്രോളിന്​ 29 പൈസയും ഡീസലിന്​ 30 പൈസയുമാണ് കൂട്ടിയത്​. കൊച്ചിയിൽ 97.38, 92.76, കോഴിക്കോട്​ 97.69, 93.93 എന്നിങ്ങനെയാണ്​ യഥാക്രമം പെട്രോൾ, ഡീസൽ വില. ഒരാഴ്​ചക്കിടെ നാലുതവണയായി പെട്രോളിന്​ 1.10 പൈസയും ഡീസലിന്​ 1.04 പൈസയും കൂടി.

മുഴുവൻ വാഹന ഉടമകളും തൊഴിലാളികളും സമരവുമായി സഹകരിക്കണമെന്ന്​ സി.​െഎ.ടി.യു സംസ്​ഥാന പ്രസിഡൻറ്​ ആനത്തലവട്ടം ആനന്ദൻ അഭ്യർഥിച്ചു. കോവിഡ് കാരണം ജോലിയും കൂലിയും ഇല്ലാതെ നട്ടംതിരിയുന്നതിടയിലാണ് ഇടിത്തീപോലെ പെട്രോൾ-ഡീസൽ വില വർധിപ്പിക്കുന്നത്. ദുരന്തകാലത്ത് ജനങ്ങളെ സഹായിക്കുന്നതിനുപകരം അവരുടെ ജീവൻ ഊറ്റിക്കുടിക്കുന്ന രക്തരക്ഷസായി മോദി സർക്കാർ മാറുന്നെന്നും അദ്ദേഹം പറഞ്ഞു.

Comments