മലപ്പുറം ജില്ലയിലെ കോവിഡ് പരിശോധനകൾ വർദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചു: മെഡിക്കൽ ഓഫീസർ
മലപ്പുറം: ജില്ലയിലെ കോവിഡ് പരിശോധന വർദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന അറിയിച്ചു.
ബ്ലോക്ക് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആസ്പത്രികൾ, ജില്ലാ ആസ്പത്രികൾ എന്നിവിടങ്ങളിൽ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ കോവിഡ് സ്രവ പരിശോധനയ്ക്കുള്ള സൌകര്യങ്ങൾ ഉണ്ടായിരിക്കും. മറ്റ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആഴ്ചയിൽ 3 ദിവസം ഒ.പി സമയങ്ങളിൽ കോവിഡ് സ്രവ പരിശോധനയ്ക്കുള്ള സൌകര്യങ്ങൾ ഉണ്ടായിരിക്കും. ഇത് എതൊക്കെ ദിവസങ്ങളിൽ ആയിരിക്കും എന്നത് അറിയിക്കും.
ഇത് കൂടാതെ മൊബൈൽ ടെസ്റ്റിങ്ങ് യൂണിറ്റുകൾ ഓരോ ബ്ലോക്കിനു കീഴിലും നിർദിഷ്ട സ്ഥലങ്ങളിൽ നിർദിഷ്ട തീയതികളിൽ എത്തി കോവിഡ് സ്രവ പരിശോധന നടത്തുന്നതാണ്. ടെസ്റ്റിങ് വർദ്ധിപ്പിക്കുന്നതിനായി വിപുലമായ ബോധവൽകരണ പരിപാടികൾ നടത്തുന്നതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
രോഗികൾ കോവിഡ് പരിശോധനക്കായി കൂടുതൽ നേരം കാത്തുനിൽക്കേണ്ടി വരുന്നു എന്ന പരാതി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, അങ്ങനെ ഉണ്ടാവാതിരിക്കാൻ ആവശ്യമായ നിർദേശം നൽകിയതായും അവർ അറിയിച്ചു. ഇത് സംബന്ധിച്ച പരാതികൾ 0483-2737858 എന്ന ഫോൺ നംബറിലോ cmcdmomlpm@gmail.com എന്ന മെയിൽ ഐ,ഡി.യിലോ നൽകാവുന്നതാണ്.
നാളെ( 15-11-2020) മൊബൈൽ ടീം കോവിഡ് പരിശോധന നടത്തുന്ന സ്ഥലങ്ങൾ:
എടക്കര ബസ് സ്റ്റാന്റ് പരിസരം, നിലംബൂർ ടി.ബി പരിസരം, കോട്ടക്കൽ വ്യാപരഭവൻ,എടരിക്കോട് ടൌൺ, എലംകുളം ടൌൺ, കുറ്റിപ്പുറം.
നാളെ വ്യാപാരി,വ്യവസായികൾ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, പ്രത്യേക പരിഗണന വിഭാഗങ്ങൾ ആയ പ്രായം കൂടിയവർ, ഗർഭിണികൾ, കുട്ടികൾ, ഇതര രോഗങ്ങൾ ഉള്ളവർ എന്നിവർക്കായി പരിശോധന സൌകര്യം ഒരുക്കിയിട്ടുണ്ട്.
എല്ലാവരും ഈ സൌകര്യം പരമാവധി ഉപയോഗപ്പെടുത്തണം എന്നു ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.

Comments
Post a Comment