നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിച്ചു.


നിലമ്പൂർ: നിലമ്പൂരിന്റെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായിരുന്ന മിനി സിവില്‍ സ്റ്റേഷന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. റവന്യൂ, ഭവന വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ രാജ്യസഭാ എം.പി പി.വി അബ്ദുല്‍വഹാബ് മുഖ്യാതിഥിയായി. പല പ്രദേശങ്ങളിലായി ഭിന്നിച്ചുകിടക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മിനി സിവില്‍ സ്റ്റേഷന്‍ ആരംഭിച്ചത്. ബ്ലോക്ക് ഓഫീസിനു സമീപത്തെ ഒരേക്കറില്‍  15 കോടി 25 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.  


കിഫ്ബി യൂനിറ്റ് 2, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, ജോയിന്റ് ആര്‍ ടി ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, എംപ്ലോയ്മെന്റ് ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ്, ലേബര്‍ ഓഫീസ്, ജി എസ് ടി ഓഫീസ്, സെയില്‍സ് ടാക്സ് ഇന്റലിജന്‍സ് ഓഫീസ്, എ. ഇ. ഒ ഓഫീസ്, അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍ ഓഫീസ്, ഐടിഡിപി ഓഫീസ്, എക്സൈസ് റേഞ്ച് ഓഫീസ്, റീ സര്‍വേ ഓഫീസ് എന്നിവ ഉള്‍പ്പെടെ 15 ഓഫീസുകള്‍ പ്രവര്‍ത്തിക്കും.


നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, വൈസ് ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍, നഗരസഭാംഗങ്ങളായ പി.എം ബഷീര്‍, കക്കാടന്‍ റഹീം, യു.കെ ബിന്ദു, സൈജി ടീച്ചര്‍, സജി സ്‌കറിയ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Comments