മിയാവാക്കി വനവൽക്കരണം ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു


വണ്ടൂർ: ബ്ലോക്ക് പഞ്ചായത്ത് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന- നീർത്തട ഘടകം പദ്ധതിയിൽ ഉൾപ്പെടുത്തി കാർബൺ സന്തുലിത നീർത്തട ഘടകം എന്ന ആശയം മുൻനിർത്തി  മിയാവാക്കി വനവത്കരണം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ചെറാംകുത്ത് പുല്ലൂർമനയിൽ വച്ച് വൃക്ഷത്തെ നട്ട് ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.


പ്രകൃതി വിഭവങ്ങളായ മണ്ണ്, ജലം, ജൈവ സമ്പത്ത് എന്നിവയുടെ പരിപാലനത്തിലൂടെ സുസ്ഥിരവികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന നീർത്തട ഘടകം പദ്ധതിയിലാണ് മിയാവാക്കി വനം രൂപീകരിക്കുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം, അന്തരീക്ഷ മലിനീകരണം, അനിയന്ത്രിതമായ വനനശീകരണം എന്നിവ മൂലം അപൂർണ്ണമായ കാർബൺ സൈക്കിൾ പ്രക്രിയമൂലം ഉൽപ്പന്നമായ ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലെ തോത് കുറച്ച് കാർബൺ സന്തുലിത നീർത്തടങ്ങൾ സൃഷടിക്കുക എന്ന ആശയത്തിലൂന്നിയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. അതിന്റെ ഭാഗമായി കാർബൺ ആഗീരണ ശേഷി കൂടിയ തദ്ദേശീയമായ നാട്ടു മരങ്ങൾ വച്ച് പിടിപ്പിച്ച് ചെറുവനങ്ങൾ സൃഷടിക്കുവാനാണ് പദ്ധതി രൂപീകരിച്ചത്.



നാട്ടുവനങ്ങൾ നാടൻമരങ്ങളാൽ എന്ന ആശയത്തിലൂന്നി ജപ്പാൻ സസ്യശാസ്ത്രജ്ഞനായ ഡോ. ആക്കീര മിയാവാക്കി 1980 കളിൽ നടപ്പിലാക്കിയ ഒരു വനവത്കരണ രീതിയാണ് മിയാവാക്കി വനവത്കരണം. ചെറാംകുത്ത് പുല്ലൂർ മനയിലെ ശ്രീ. നരേന്ദ്രൻ നമ്പൂതിരിയുടെ 2.5 സെന്റ് സ്ഥലത്താണ്  വണ്ടൂർ ബ്ലോക്കിലെ ആദ്യ മിയാവാക്കി വനം യാഥാർത്ഥ്യമാക്കിയത്. ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്ത് ചെകിരിച്ചോറ്, ചാണകം, മണ്ണ് എന്നിവ 1:1:1 എ അനുപാതത്തിൽ മണ്ണുമായി ചേർത്ത് നിറയ്ക്കുന്നു. ഒരു മീറ്റർ സ്‌ക്വയറിൽ 4 ചെടികൾ എന്ന രീതിയിൽ 420 ചെടികൾ 105 മീറ്റർ സ്‌ക്വയർ സ്ഥലത്ത് നട്ടു പിടിപ്പിച്ചിട്ടുണ്ട്. 87 ഇനം ചെടികളിൽ രുദ്രാക്ഷം, കമണ്ഡലു മരം, തീപാല, കരിവെള്ളിക്കോൽ, മലമുരിഞ്ഞ, നാഗലിംഗം, പാരിജാതം, അങ്കോളം, വയ്യങ്കത, ഏകനായകം, മഹാവില്വം, പുത്രഞ്ചയ്‌വ,  കശാവ് എിങ്ങനെയുള്ള അപൂർവ്വ വൃക്ഷങ്ങളും നാട്ടുമരങ്ങളും വച്ച് പിടിപ്പിച്ചിട്ടുണ്ട്. ചുറ്റും വേലി തിരിച്ച് സംരക്ഷണ കവചമൊരുക്കിയിരിക്കുന്നു. ഒരു വർഷം കൊണ്ട് 20 അടി വരെ പൊക്കം വച്ച് ഇട തിങ്ങി വളരുന്ന വനമാണ് സ്വസ്തി എന്ന് പൂല്ലൂർ മന നരേന്ദ്രൻ നമ്പൂതിരി പേരിട്ടിരിക്കുന്ന ഈ ചെറുവനം ലക്ഷ്യമിടുന്നത്.


ഉദ്ഘാടന ചടങ്ങിൽ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.സി കുഞ്ഞുമുഹമ്മദ്, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷാഹിദ മുഹമ്മദ്, മലപ്പുറം ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ ശ്രീമതി. പ്രീതി മേനോൻ, മറ്റു ജനപ്രതിനിധികൾ, ഉദ്യേഗസ്ഥർ  എന്നിവർ സന്നിധരായിരുന്നു.

Comments