ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ; അനാവശ്യയാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം
സംസ്ഥാനത്ത് ലോക്ഡൗണില്‍ പ്രഖ്യാപിച്ച കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തിലായി. വ്യവസായ ശാലകള്‍ക്ക് പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ജ്വല്ലറികള്‍, വസ്ത്രശാലകള്‍, പുസ്തക, ചെരിപ്പ് കടകളും ഇന്ന് തുറക്കും. ഇന്ന് മുതല്‍ കള്ള് പാഴ്സലായി ലഭിക്കും. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ എണ്ണം അമ്പത് ശതമാനമായി ഉയര്‍ത്തി. എന്നാല്‍ അനാവശ്യയാത്രകള്‍ക്കുള്ള കര്‍ശന നിയന്ത്രണം തുടരും.
സംസ്ഥാനം സമ്പൂര്‍ണമായി അടച്ചിട്ടിട്ട് ഇന്ന് 24 ാം ദിവസമാണ്. ഇതിനിടയില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കൂട്ടത്തോടെ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് ഇതാദ്യമാണ്. കയര്‍, കശുവണ്ടി മേഖലകളടക്കം എല്ലാ വ്യവസായ ശാലകള്‍ക്കും പകുതിയില്‍ താഴെ ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ഇവിടങ്ങളിലെ ജീവനക്കാരുടെ യാത്രക്കായി കെ.എസ്.ആര്‍.ടി.സി സൗകര്യം ഏര്‍പ്പെടുത്തും. വ്യവസായ സ്ഥാപനങ്ങളിലേക്ക് അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ തുറക്കാം. അധ്യയനം പുനരാരംഭിക്കുന്ന ആഴ്ചയായതിനാല്‍ പാഠപുസ്തകങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കും. അവയ്ക്കും വസ്ത്രശാലകള്‍, ജ്വല്ലറികള്‍, ചെരിപ്പ് കടകള്‍ എന്നിവയ്ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 5 വരെയാണ് തുറക്കാവുന്നത്.
മൊബൈല്‍, കംപ്യൂട്ടര്‍, കണ്ണട , ഗ്യാസ് സ്റ്റൗ സര്‍വീസിങ് , കൃത്രിമ കാലുകള്‍, ശ്രവണ സഹായ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ കടകള്‍ ചൊവ്വയും ശനിയും തുറക്കാന്‍ നേരത്തെ അനുമതിയായിരുന്നു. ബാങ്കുകളുടെ പ്രവര്‍ത്തനസമയം വൈകിട്ട് 5 വരെയാക്കിയിട്ടുണ്ട്. പക്ഷെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമെന്ന നിയന്ത്രണം തുടരും. പോസ്റ്റ് ഓഫീസിലെ ആര്‍.ഡി കലക്ഷന്‍ ഏജന്റുമാര്‍ക്ക് തിങ്കളാഴ്ച യാത്രാനുമതിയുണ്ട്.
മദ്യശാലകള്‍ തുറക്കില്ലങ്കിലും ഷാപ്പില്‍ നിന്ന് കള്ള് പാഴ്സലായി ലഭിക്കും. ഇളവുള്ള സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായും ഇത്തരം ആവശ്യത്തിന് പോകുന്നവര്‍ക്ക് സത്യവാങ്മൂലവുമായും യാത്ര ചെയ്യാം. അതേസമയം അനാവശ്യമായി യാത്രക്കിറങ്ങുന്നവരെ പിടികൂടാന്‍ പൊലീസ് പരിശോധന തുടരും. ലോക്ഡൗണ്‍ നാലാം ആഴ്ചയിലേക്ക് കടന്നെങ്കിലും ഓരോ ദിനവും ഇരുന്നൂറിനടുത്ത് പേര്‍ മരിക്കുകയും ഇരുപതിനായിരത്തിലേറെപ്പേര്‍ രോഗികളാവുന്നുമുണ്ട്.


Comments
Post a Comment