മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗണിനിടെ വൻ മയക്കുമരുന്ന് വേട്ട
മലപ്പുറം: മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗണിനിടെ വൻ മയക്കുമരുന്ന് വേട്ട. വിദ്യാർഥികൾക്കും യുവാക്കൾക്കും ലോക്ഡൗൺ കാലത്തും മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് താനൂർ ഡി.വൈ.എസ്.പി. എം.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം വിദഗ്ധമായി ലഹരി മാഫിയാ സംഘത്തെ വലയിലാക്കിയത്. ഇവരുടെ പക്കൽ നിന്ന് ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.
സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, കഞ്ചാവ്, തമിഴ്നാട്ടിൽ നിന്നുള്ള മദ്യം എന്നിവ പിടികൂടുകയും എട്ടു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. സംഭവത്തിൽ കോഴിച്ചെന പരേടത്ത് വീട്ടിൽ മുഹമ്മദ് ഷബീബ് (25), വൈരങ്കോട് കാക്കൻകുഴി വീട്ടിൽ മുബാരിസ് (26), വാളക്കുളം റെമീസ് കോഴിക്കൽ വീട്ടിൽ സുഹസാദ് (24), വലിയ പറമ്പിൽ മുഹമ്മദ് ഇസ്ഹാക് (25), കോഴിച്ചെന കൈതക്കാട്ടിൽ വീട്ടിൽ അഹമ്മദ് സാലിം (21), വളവന്നൂർ വാരണക്കര സൈഫുദ്ധീൻ (25), തെക്കൻ കുറ്റൂർ മേപ്പറമ്പത്ത് രഞ്ജിത്ത് (21), പുതുക്കുടി റിയാസ് (40) എന്നിവരാണ് പിടിയിലായത്.
സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. സലേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ജിനേഷ്, വിനീഷ്, അഖിൽരാജ് എന്നിവരും പരപ്പനങ്ങാടി, കൽപകഞ്ചേരി സ്റ്റേഷൻ ഓഫീസർമാരായ ഹണി കെ. ദാസ്, റിയാസ് രാജ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.


Comments
Post a Comment