ട്രിപ്പിൾ ലോക്​ഡൗൺ ലംഘിച്ച്​ പുറത്തിറങ്ങുന്നവർക്ക്​ കോവിഡ്​ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: ട്രിപ്പിൾ ലോക്​ഡൗൺ ലംഘിച്ച്​ പുറത്തിറങ്ങുന്നവർക്ക്​ കോവിഡ്​ പരിശോധന നടത്തുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ആന്‍റിജൻ ടെസ്റ്റാണ്​ നടത്തുകയെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി. ക്വാറന്‍റീനിലുള്ളവർ പുറത്തിറങ്ങിയാൽ കേസെടുക്കും. പിന്നീട്​ ഇവരെ കരുതൽ നിരീക്ഷണ കേന്ദ്രങ്ങളിലാക്കും. ആശുപത്രികളിലെ തിരക്കും മരണനിരക്കും കുറയണമെങ്കിൽ രണ്ട്​, മൂന്ന്​ ആഴ്ചകൾ കൂടി വേണ്ടി വരുമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറത്തും പാലക്കാട്ടും കൂടുതൽ ജാഗ്രത പുലർത്തണം. മലപ്പുറത്ത്​ കൂടുതൽ പേർക്കും രോഗം പകരുന്നത്​ വീടുകളിൽ നിന്നാണ്​. ട്രിപ്പിൾ ലോക്​ഡൗൺ മലപ്പുറത്ത്​ ഇതുവരെയായിട്ടും ഫലം കാണുന്നില്ല. ബ്ലാക്ക്​ ഫംഗസ്​ രോഗം ചികിത്സിക്കുന്നതിനായി പ്രോ​ട്ടോകോൾ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

നിർമാണ സാമഗ്രഹികൾ വിൽക്കുന്ന കടകൾ നിശ്​ചിത ദിവസം തുറക്കാൻ അനുവദിക്കും. മലഞ്ചരക്ക്​ കടകൾ ഇടുക്കിയിലും വയനാട്ടിലും രണ്ട്​ ദിവസം തുറക്കാം. മറ്റ്​ ജില്ലകളിൽ ഒരു ദിവസവും തുറക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡിൽ മാതാപിതാക്കൾ നഷ്​ടപ്പെട്ടാൻ കുട്ടികളെ സർക്കാർ സംരക്ഷിക്കും. സംസ്ഥാനത്ത്​ ദിവസങ്ങളായി വാക്​സിൻ തീർന്നിരിക്കുകയാണ്​. 45 വയസിന്​ മുകളിലുള്ളവർക്ക്​ വാക്​സിൻ നൽകാൻ കേന്ദ്രസർക്കാർ തയാറാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments