ഹജ്ജിന് 60000 പേര്‍ക്ക് മാത്രം അവസരം; കടുത്ത നിയന്ത്രണങ്ങളുമായി സൗദി അറേബ്യ


റിയാദ്: ഹജ്ജിന് ഈ വര്‍ഷം 60000 പേര്‍ക്ക് മാത്രമായിരിക്കും അവസരം എന്ന് സൗദി ആരോഗ്യമന്ത്രാലയം. വിദേശത്ത് നിന്നുള്ള തീര്‍ഥാടകര്‍ക്ക് അവസരം നല്‍കും. എന്നാല്‍ വളരെ കുറച്ച് മാത്രം തീര്‍ഥാടകരെയാണ് ഓരോ രാജ്യത്തിനും അനുവദിക്കുക. 45000 പേരെ വിദേശത്ത് നിന്ന് അനുവദിക്കും. 15000 പേര്‍ സൗദിയില്‍ നിന്നും. സൗദി അറേബ്യയുടെ പുതിയ തീരുമാനങ്ങള്‍ പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി മൗലനാ താഹിര്‍ അശ്‌റഫി സംആ ടിവിയുമായി സംവദിക്കവെ സ്ഥിരീകരിച്ചു.

വിദേശ വിമാനങ്ങള്‍ക്ക് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ നിരോധനം ഈ മാസം 17 മുതല്‍ നീക്കിയിട്ടുണ്ട്. ചില രാജ്യങ്ങള്‍ക്ക് ഇപ്പോഴും നിയന്ത്രണം തുടരുകയാണ്. ഹജ്ജ് സര്‍വീസ് ആരംഭിക്കുക ജൂലൈ 17 മുതല്‍ 22 വരെയായിരിക്കും. 18-60 വയസിന് ഇടയിലുള്ളവര്‍ക്കാകും ഹജ്ജിന് അവസരമുണ്ടാകുക. കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും അനുമതി നല്‍കില്ല. മികച്ച ആരോഗ്യം ആവശ്യമാണ്. ശാരീരിക അസ്വാസ്ഥ്യമുള്ളവര്‍ക്കു വിലക്കുണ്ടാകും. ആറ് മാസമായി രോഗമില്ലെന്ന് തെളിയിക്കുന്ന രേഖയുള്ളവര്‍ക്കായിരിക്കും അനുമതി.

കൊറോണയുടെ രണ്ട് വാക്‌സിനും എടുത്തിരിക്കണം. വാക്‌സിന്‍ എടുത്തു എന്ന് ബന്ധപ്പെട്ട രാജ്യത്തെ ആരോഗ്യ വകുപ്പ് നല്‍കുന്ന കാര്‍ഡ് ആവശ്യമാണ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയുള്ള കേന്ദ്രത്തില്‍ നിന്നാകണം വാക്‌സിന്‍ സ്വീകരിക്കേണ്ടത്. ഹജ്ജിനായി സൗദിയില്‍ എത്തിയാല്‍ മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരും. ചെറിയ പെരുന്നാളിന് മുമ്പ് കൊറോണയുടെ ആദ്യ വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. ഹജ്ജിന് പുറപ്പെടുന്നതിന് 14 ദിവസം മുമ്പാണ് രണ്ടാമത്തെ വാക്‌സിന്‍ എടുക്കേണ്ടത്. സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധിരച്ചും മറ്റു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുമാകണം തീര്‍ഥാടകര്‍ എത്തേണ്ടത്.

Comments