മലപ്പുറം പന്തല്ലൂരില്‍ മൂന്ന് പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു


മഞ്ചേരി: ആനക്കയം പന്തല്ലൂർ മില്ലുംപടിയില്‍ കടലുണ്ടിപ്പുഴയില്‍ ഒഴുക്കിൽപ്പെട്ട് സഹോദരങ്ങളുടെ മക്കളടക്കം മൂന്ന് പെൺകുട്ടികൾ മരിച്ചു. പന്തല്ലൂര്‍ കൊണ്ടോട്ടി വീട്ടില്‍ ഹുസൈ​ൻ്റെ മകള്‍ ഫാത്തിമ ഇഫ്റത്ത് (19), ഹുസൈൻ്റെ സഹോദരന്‍ അബ്ദുറഹ്മാ​​ൻ്റെ മകള്‍ ഫാത്തിമ ഫിദ (13), ബന്ധു പാണ്ടിക്കാട് വള്ളുവങ്ങാട് അന്‍വറിൻ്റെ മകൾ ഫസ്മിയ ഷെറിൻ (15) എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട പാലിയന്‍കുന്നത്ത് വീട്ടില്‍ അബ്ദുല്ലക്കുട്ടിയുടെ മകള്‍ അന്‍ഷിദയെ (11) നാട്ടുകാർ രക്ഷപ്പെടുത്തി.

വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ബന്ധുക്കളായ പത്ത്​ കുട്ടികളാണ്​ പുഴയിലിറങ്ങാൻ ഒരു കിലോമീറ്റർ അകലെയുള്ള കരിയംകയം കടവിലേക്ക്​​ പോയത്. പിന്നാലെ അബ്ദുറഹ്മാനും പോയി. അബ്​ദുഹ്​മാന്‍ എത്തുന്നതിന് മുമ്പ് കുട്ടികള്‍ പുഴയിലിറങ്ങി. ഇതിനിടെയാണ്​ നാലു പേര്‍ ഒഴുക്കില്‍പ്പെട്ടത്​.

അബ്​ദുറഹിമാന്‍ ഇറങ്ങി മൂന്നുപേരെയും ചേർത്തുപിടിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും ഇദ്ദേഹമടക്കം നാല് പേരും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഫസ്മിയ കൂട്ടംതെറ്റി ഒഴുക്കിൽപ്പെട്ടു. മറുകരയിലെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന നെല്ലിക്കുത്ത് സ്വദേശി അബ്​ദുല്ല നാസര്‍ സഹോദരങ്ങളെയും മറ്റും വിളിച്ച് വരുത്തി രണ്ട് പേരെ മുങ്ങിയെടുത്തെങ്കിലും രക്ഷിക്കാനായില്ല. ഏറെ നേരം മഞ്ചേരി, മലപ്പുറം അഗ്‌നിശമനസേന യൂനിറ്റും നാട്ടുകാരും മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലിലാണ് ഫസ്മിയയുടെ മൃതദേഹം കണ്ടെത്തിയത്. കടവിൽ നിന്നും 800 മീറ്ററോളം താഴെയായിരുന്നു മൃതദേഹം. ബന്ധു വീട്ടിലേക്ക് വന്നതായിരുന്നു ഫസ്മിയ.

Comments